ഭരതനാട്യം – ഒരു പഠനം

0
1209
views

ഭരതനാട്യ ഇനങ്ങൾ

ഭരതനാട്യത്തിൽ ആദ്യമായി പരിശീലിക്കുന്നത് അടവുകളാണ്. പലതരം ചുവടുവയ്പ്പുകളാണ് അടവുകൾ. ഏകദേശം ഒരു വർഷകാലമെങ്കിലും അടവുകൾ അഭ്യസിക്കണം. പാദക്രിയകൾ അനുസരിച്ച് അടവുകളെ ഇനം തിരിച്ചിട്ടുണ്ട്. അതിനു ശേഷം ജതികളും, നാട്യശാസ്ത്രവിധിപ്രകാരമുള്ള മണ്ഡലങ്ങളും,ചാരികളും ,കരണങ്ങളും,നൃത്തഹസ്തങ്ങളുടെ കലാപരമായ വിന്യാസവും മറ്റും അഭ്യസിക്കുന്നു.
അലാരിപ്പ്, ജതിസ്വരം,ശബ്ദം, വർണം, പദം, ജാവളി, ശ്ലോകം, തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത്. അലാരിപ്പും ജതീസ്വരവും തില്ലാനയും ശുദ്ധനൃത്തങ്ങളാണ്. ശുദ്ധനൃത്തത്തിൽ പതാർത്ഥാഭിനയമില്ല. ഇവയുടെ നൃത്തശോഭ കണ്ണിനും കാതിനും കരളിനും കൗതുകം ഉളവാക്കുന്നു.

അലാരിപ്പ്

പ്രാർത്ഥനാരൂപത്തിലുള്ള അലാരിപ്പ് ഭരതനാട്യത്തിലെ ആദ്യ ഇനമാണ്. പുഷ്പാഞ്ജലിക്ക് സമാനമായി തഞ്ചാവൂർ സഹോദരന്മാർ രൂപകല്പന ചെയ്ത നൃത്തമാണ് അലാരിപ്പ്. പൂജയ്ക്ക് ഉപയോഗിക്കുന്ന അലരിപ്പൂവിൽ നിന്നാണ് ഈ പേർ വന്നത് എന്നു പറയപ്പെടുന്നു. ശിരസിനു മുകളിൽ അഞ്ജലി പിടിച്ച് ചൊല്ലുകളുടെ താളത്തിനൊത്ത് കഴുത്തിളക്കി കൈകൾ രണ്ടും പതാകമുദ്ര പിടിച്ച് വശങ്ങളിലേക്ക് മലർത്തിനീട്ടി ഈശ്വരനേയും ഗുരുക്കന്മാരേയും സദസ്യരേയും വന്ദിച്ച് ആരംഭിക്കുന്നതാണ് അലാരിപ്പ്. അഞ്ജലി ശിരസിന് മുകളിൽ പിടിക്കുന്നത് ഈശ്വരനേയും നെറ്റിക്ക് മുന്നിൽ പിടിക്കുന്നത് ഗുരുക്കന്മാരേയും മാറിനു മുന്നിൽ പിടിക്കുന്നത് സദസ്യരേയും വന്ദിക്കലാണെന്നാണ് സങ്കല്പം.
മുഖചലനങ്ങൾ ലഘുവായും മനോഹരമായും നിർവ്വഹിക്കണം. ഈ മൃദുവായ അംഗചലനത്തെ ലാസ്യത്തിൻറെ പ്രാരംഭാംഗമായ ‘ഡാലം’ എന്നും ‘അംഗഡോല’ എന്നും ഗ്രന്ഥങ്ങളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു.

ജതിസ്വരം
…………………
രണ്ടാമതായി അവതരിപ്പിക്കുന്ന നൃത്തമാണ് ജതിസ്വരം. ഇത് ഒരു സംഗീതകൃതിയാണ്. ജതിസ്വരങ്ങൾ മിക്കവയും രൂപകം, ആദി, മിശ്രചാപ് എന്നീ താളങ്ങളിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിലത് രാഗമാലികയിലും രചിക്കപ്പെട്ടിട്ടുണ്ട്. ജതിസ്വരത്തിൽ ഒരു രാഗത്തിൽതന്നെ നർത്തകി പല താളങ്ങൾ പ്രയോഗിക്കുന്നു. ഇതിൽ പല്ലവിയും അനുപല്ലവിയും ഉണ്ട്. പല്ലവി വിളംബരകാലത്തിലോ മദ്ധ്യമകാലത്തിലോ ആയിരിക്കും. അനുപല്ലവി ഭൂദകാലത്തിൽ അവസാനിക്കുന്നു. ഏതെങ്കിലും ഒരു രാഗത്തിലുള്ള സ്വരം പാടുമ്പോൾ നർത്തകി പല അടവുകൾ സം‌യോജിപ്പിച്ച് നൃത്തം ചെയ്യുന്നു. അനേക നാളത്തെ പരിശീലനം കൊണ്ട് തുടർന്നുള്ള ഇനങ്ങൾ പടിച്ച് ഏത് കാലത്തിലും നൃത്തം ചെയ്യാനുള്ള കഴിവ് സമ്പാദിച്ചാൽ മാത്രമേ അലരിപ്പും ജതിസ്വരവും രംഗത്തവതരിപ്പിക്കാൻ പ്രാപ്തിയുണ്ടാകുകയുള്ളു.

ശബ്ദം
…………..
മൂന്നാമത്തെ ഇനമായ ശബ്ദത്തിലാണ് ആദ്യമായി അഭിനയം അങ്കുരിക്കുന്നത്. ചെറിയ തോതിൽ ഇഷ്ടദേവനായ നായകനോട് രതീഭാവം പ്രകടിപ്പിക്കുന്നതിന് ഇതിൽ സ്ഥാനമുണ്ട്. നായകന്റെ ഗുണങ്ങളെ പാടിപ്പുകഴ്ത്തുകയാണ് നായിക ചെയ്യുന്നത്. ഈ കൃതികളിൽ രസമായി വളരുന്നത് ശൃംഗാരം തന്നെയാണ്. തഞ്ചാവൂർ സഹോദരന്മാർ ശബ്ദങ്ങൾ രചിച്ചിരുന്നത് തെലുഗു ഭാഷയിലാണ്. അതുകൊണ്ട് ഈ കൃതികൾക്ക് തമിഴ്‌നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപോയി. സാധാരണയായി ആടിവരുന്ന ചില ശബ്ദങ്ങൾ ഇവയാണ്.
തില്ലൈയമ്പലം തനിൽ നടം ശൈതിടും
കന്തനേ ഉനൈ എന്ത നേരമും ചിന്തയിൽ വൈത്ത്
ആയർ ചേരിയർ അറിന്തിടാമലും
ശീർമികുന്ത ശിവചാപം മുറിത്ത്
വേണുഗാനനെ കോരി എന്മനം

വർണ്ണം
…………..
വർണ്ണം ആണ് ഭരതനാട്യത്തിലെ ഏറ്റവും മനോഹരമായ ഇനം. ഇത് നൃത്യ വിഭാഗത്തിൽ പെടുന്നു. ഒരു കഥാഭാഗം നർത്തകിതന്നെ അവതരിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മുഖത്തെ ഭാവപ്രകടനങ്ങളിലൂടെയും ആംഗികാഭിനയത്തിലൂടെയും നർത്തകി അർത്ഥസം‌വേദനം നടത്തുന്നു. ഭരതനാട്യനർത്തകിയുടെ പ്രാഗല്ഭ്യം വർ്ണ്ണാഭിനയത്തിലൂടെയാണ് പ്രകടിപ്പിക്കുന്നത്.

യതോഹസ്ത സ്തതോ ദൃഷ്ടി
യ്യതോദൃഷ്ടി സ്തതോ മന:
യതോമന സ്തതോ ഭാവോ
യതോഭാവ സ്തതോ രസ:

കൈ പോകുന്നിടത്ത് കണ്ണൂം, കണ്ണ് പോകുന്നിടത്ത് മനസ്സും, മനസ്സ് പോകുന്നിടത്ത് ഭാവവും, ഭാവമുള്ളിടത്ത് രസവും എന്ന അഭിനയദർപ്പണതത്വം വർണ്ണാഭിനയത്തിൽ നർത്തകി പാലിക്കുന്നുണ്ടാകും.
വർണ്ണത്തിലെ കഥാപാത്രങ്ങളെല്ലാം പ്രതീകങ്ങളാണ്. നായകൻ പരമാത്മാവും നായിക ജീവാത്മാവുമാണ്. ജീവാത്മാവ് പരമാത്മാവിനോട് ചേരാൻ വെമ്പുന്നു എന്നതാണ് പ്രമേയത്തിന്റെ പൊരുൾ. നായകനായി ശിവൻ, വിഷ്ണു, ശ്രീകൃഷ്ണൻ, സുബ്രഹ്മണ്യൻ‍ മുതലായ ഈശ്വരന്റെ സുന്ദര സങ്കല്പങ്ങളെ മാത്രമേ അവതരിപ്പിക്കാറുള്ളു. മുൻ കാലങ്ങളിൽ ഒരു വർണ്ണത്തിന്റെ നൃത്തം മുക്കാൽ മണിക്കൂർവരെ നീണ്ടുനിന്നിരുന്നു. ഇന്ന് ഒരു നൃത്തം തന്നെ ഇത്രയും നേരം കണ്ടിരിക്കാനുള്ള ക്ഷമ പൊതുജനത്തിന് ഇല്ലാതായിരിക്കുന്നു.

പദം
………..
ഭരതനാട്യക്കച്ചേരിയെ കൂടുതൽ ഹൃദ്യമാക്കാൻ കഴിയുന്ന വിഭാഗമാണ് പദങ്ങൾ. പദങ്ങളിൽ ലളിത സംഗീതത്തിന്റെ മാധുര്യവും ശാസ്ത്രീയസംഗീതത്തിന്റെ പ്രൗഡിയും കലർതായി കാണാം. പ്രേക്ഷകനെ രസാസ്വാദനത്തിലെത്തിക്കുക എന്ന ഉദ്ദേശ്യമാണ് പദാഭിനയത്തിനുള്ളത്. ഭരതനാട്യത്തിൽ അഭിനയിക്കാൻ യോഗ്യമായ പദങ്ങൾ മുൻ കാലങ്ങളിൽ രചിക്കപ്പെട്ടവയിൽതന്നെ അധികമുണ്ട്. തമിഴ് ഭാഷയിലെ പദങ്ങൾ മലയാളികൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലാത്തതിനാൽ കേരളത്തിൽ തമിഴ് പദങ്ങളാണ് അധികവും ഉപയോഗിച്ച് വരുന്നത്.
വ്യാസരായർ രചിച്ച ‘കൃഷ്ണാ നീ ബേഗേനെ ബാരോ’ എന്ന കീർത്തനം അഭിനയത്തിന് പറ്റിയ കൃതിയാണ്. കൃഷ്ണനെ വാ എന്ന് വിളിക്കാൻ ആരൊക്കെയുണ്ടാകാം. ഭക്തൻ, പൂജാരി, ജീവിതദുഃഖങ്ങളിൽ പെട്ടുഴലുന്നവർ, അമ്മ, സഖികൾ കൂടാതെ വസ്ത്രാക്ഷേപ സമയത്ത് പാഞ്ചാലി, ഇവരുടെയെല്ലാം ഭാഗം അഭിനയിച്ചുകൊണ്ട് കൃഷ്ണനെ വിളിക്കുന്നതായി അഭിനയിക്കാം.
ത്യാഗരാജ കൃതികളിൽ പലതും ഭരതനാട്യത്തിൽ അവതരിപ്പിച്ച് വരുന്നുണ്ട്. ‘ക്ഷീര സാഗരശയന’, ‘ബ്രോച്ചേവാരെവരുരാ’ എന്നു തുടങ്ങുന്ന കീർത്തനങ്ങൾ അവയിൽ മുഖ്യമാണ്. വിവിധ ഭാവങ്ങൾ ഉൾകൊള്ളുന്നതും, വ്യത്യസ്ത രാഗങ്ങളിൽ ഇണക്കിയതുമായ പദങ്ങൾ ഒന്നിലധികം അവതരിപ്പിക്കാം.

തില്ലാന
തില്ലാന താളാത്മകമായ ശുദ്ധനൃത്തമാണ്. പ്രത്യേക അക്ഷരങ്ങളെക്കൊണ്ട് ഉണ്ടാക്കുന്ന ചൊൽക്കെട്ടുകൾ രാഗത്തിൽ ആലപിക്കുന്ന കൃതിയാണ് തില്ലാന. തില്ലാനയിൽ പല്ലവിതന്നെ അനേകം ആവർത്തി പാടുകയാണ് ചെയ്യുന്നത്. ഇതിലെ പാട്ടിന്റെ ഗതിക്കനുസരിച്ചല്ല നൃത്തം വരുന്നത്. എന്നാൽ പാട്ടിന്റെ താളത്തിൽ ഒതുക്കികൊണ്ട് താളത്തിന്റെ കണക്കുകൾ ഉണ്ടാക്കി അതിനനുസരിച്ച് നൃത്തംവയ്ക്കുകയാണ് ചെയ്യുന്നത്. ഈ നൃത്തം അംഗങ്ങൾ ചലിപ്പിച്ച് ഭംഗിയുള്ള ശരീരചിത്രങ്ങൾ സൃഷ്ടിച്ച്കൊണ്ടാണ് തുടങ്ങുന്നത്. സവിശേഷമായ അംഗചലനങ്ങളും അതിന്റെ അന്ത്യത്തിൽ വരുന്ന നിലകളും ആകർഷകങ്ങളാണ്.
പല്ലവിക്ക് ശേഷം ചൊൽക്കെട്ടുകൊണ്ട് തന്നെ അനുപല്ലവിയും പാടുന്നു. ഇതിനുശേഷം ഇഷ്ടദേവതയേയോ ഗുരുക്കന്മാരേയൊ വന്ദിക്കുന്ന നാലുവരിപാട്ടും പാടുന്നു. |സ്വാതിതിരുനാൾകൃതിയായിധനാശ്രീരാഗത്തിൽ ആദിതാളത്തിലുള്ള ഒരു തില്ലാനയുണ്ട്. അതിലെ സാഹിത്യം ഹിന്ദുസ്ഥാനിയിലാണ്. പാടാനും നൃത്തം ചെയ്യാനും ഭംഗിയുള്ളതാണ് ഈ കൃതി.

ശ്ലോകം
………….
ശ്ലോകം പാടിയാണ് പരിപാടി അവസാനിക്കുന്നത്. അതുവരെ അവതരിപ്പിച്ച നൃത്തങ്ങൾ ഈശ്വര സാക്ഷാത്കാരത്തിന് വേണ്ടിയാണെന്നാണ് വിശ്വസിക്കുന്നത്. അന്ത്യത്തിലെ ശ്ലോകം അതിന് യോജിക്കും വിധം ഭക്തിരസം നിറഞ്ഞുനിൽക്കുന്നതായിരിക്കണം. നാരായണീയത്തിലെ ‘അഗ്രേപശ്യാമി’, ‘യോഗീന്ദ്രാണം’ മുതലായ ശ്ലോകങ്ങൾ ഉത്തമങ്ങളാണ്. ഭക്തിയുടെ പാരമ്യത്തിൽ എത്തുന്നവയാണ് ഇവ

LEAVE A REPLY

Please enter your comment!
Please enter your name here