ഞാനും എന്‍റെ കാശുകാരും ഭാഗം – 78

0
27
views
With sound engineer Sunish


“നമ്മൾ ഒരു പ്രോഗ്രാമിന് വിളിച്ചിട്ട്.. അതും ഒരമ്പലത്തിലെ പാട്ടുകളുടെ പ്രകാശനച്ചടങ്ങിന്…..
നൂറ്‌ ശതമാനം വരാം എന്നേൽക്കുകയും പ്രോഗ്രാം സമയമായിട്ട് അങ്ങോട്ട് വിളിക്കുമ്പോൾ ഫോൺ എടുക്കാതിരിക്കുകയും വരുമോ ഇല്ലയോ എന്ന്‌ പോലും ഒന്നു വിളിച്ചു അറിയിക്കാതിരിക്കുക പോലും ചെയ്യാത്ത രാഷ്ട്രീയനേതാക്കളെ എന്ത് ചെയ്യണം… ഇതാ ഇപ്പോൾ തന്നെയാണ് ആ സമയം…നമ്മുടെ പ്രോഗ്രാമിന് വിളിച്ചിട്ട് വരാത്ത നേതാവിനെ നമുക്ക് വേണ്ടെന്നു വയ്ക്കാനുള്ള അവസരം തന്നെയാണീ ഇലക്ഷൻ സമയം…” കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയമായിരുന്നു ഇത്… എന്‍റെ “ശ്രീ ചെറുകോണത്തമ്മ.. “
ഓഡിയോ ആൽബത്തിന്റെ പ്രകാശന ചടങ്ങാണ് സന്ദർഭം… വൈകുന്നേരം ഏഴ് മണിയായിരുന്നു പ്രകാശന ചടങ്ങിന് നിശ്ചയിച്ച സമയം. പ്രചാരണച്ചൂടിലായിരുന്നതിനാൽ ബിജെപി സ്ഥാനാർഥി ശ്രീ വി. വി. രാജേഷ് ആറു മണിക്ക് അമ്പലത്തിൽ വന്നു…. ഏഴ് മണിക്ക് മറ്റൊരു പരിപാടി കൂടി ഉള്ളതിനാൽ ആശംസകൾ നേർന്ന് അദ്ദേഹം പോയി… സമയം ഏഴുമണിയായി..
ഭക്തജനങ്ങൾ എല്ലാവരും തയ്യാറായി…വരാമെന്നേറ്റ സ്ഥലം എം എൽ എ വരുന്നുമില്ല… വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല…എന്ത് ചെയ്യും… എം എൽ എ യെ കൊണ്ടുവരാമെന്നേറ്റ ആളും ഫോൺ എടുക്കുന്നില്ല..
“ഇനിയൊന്നും നോക്കാനില്ല…. നമുക്ക് പരിപാടി ആരംഭിക്കാം…”ഞാൻ രാജേഷിനോടും കാശുകാരനായ സുനിൽ പ്ലാമൂടിനോടും പറഞ്ഞു…’ഓക്കേ… തുടങ്ങാം…’ അമ്പലക്കമ്മിറ്റി സെക്രട്ടരിയും ശാന്തിക്കാരനുമൊക്കെ പറഞ്ഞു…മൈക്കിന് മുന്നിൽ നിൽക്കുമ്പോൾ പ്രോഗ്രാം മുന്നോട്ട് കൊണ്ടുപോകാൻ വാഗ്ദേവത എന്നും എന്നെ കടാക്ഷിക്കാറുണ്ട്…അങ്ങിനെ സ്വാഗത പ്രസംഗം ആരംഭിച്ചു ഞാൻ…സ്റ്റേജിലിരിക്കുന്നവർക്കു സ്വാഗതമോതി… , വരാമെന്നേറ്റ ഇപ്പോളത്തെ എം എൽ എ..
വരുന്ന ഇലക്ഷനിലും മത്സരിക്കുന്നു…. അതിനാൽ ഞാൻ പറഞ്ഞുതുടങ്ങിയ വാക്കുകളാണ് ആദ്യം പറഞ്ഞത്…
“നമുക്ക്… ഈ കൂടിയിരിക്കുന്നവർക്കു ചിന്തിക്കാം…തീരുമാനിക്കാം..
എന്ത് വേണമെന്ന്… നമ്മളെ വേണ്ടാത്ത ശ്രീ………സ്ഥാനാർത്ഥിയെ നമുക്ക് വേണോയെന്നു നമുക്ക് തീരുമാനിക്കാം…” പറഞ്ഞു നാക്കെടുത്തതും എം എൽ എ യുടെ കാർ അമ്പലത്തിനു മുന്നിൽ….ശ്രീ പാലോട് രവി..ആൾക്കൂട്ടത്തിനിടയിലൂടെ പുഞ്ചിരി തൂകി അദ്ദേഹമെത്തി…ഞാൻ പറഞ്ഞത് അദ്ദേഹം കേട്ടു എന്നെനിക്കുറപ്പായിരുന്നു…. “നമ്മുടെ പ്രോഗ്രാമിന് അല്പം വൈകിയെങ്കിലും എത്തിയ പാലോട് രവി സാറിനെ അഭിനന്ദിക്കാനുള്ള അവസരവും നമുക്കു മുന്നിലുണ്ട്…ഞാൻ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു….വിജയാശംസകൾ സർ…. ” അങ്ങിനെ പ്രൗഢ ഗംഭീര സദസ്സിൽ ” ശ്രീ ചെറുകോണത്തമ്മ “ഓഡിയോ ആൽബം പ്രകാശനം നടന്നു…കൂടിയിരിക്കുന്നവരെ മുഴുവൻ തന്റെ വാക് ചാതുരിയിൽ മയക്കി ഒരു പാട്ടും പാടിയാണ് ശ്രീ പാലോട് രവി സർ പോയത്..
ഇന്ന് മൊത്തം റിലീസ് ചടങ്ങിനെ കുറിച്ചായി അല്ലെ…. ഒരു പുതിയ ഗാനരചയിതാവിനെ ഞാൻ പരിചയപ്പെടുത്തിയ ആൽബം ആയിരുന്നു “ചെറുകോണത്തമ്മ ” സുനിൽ പ്ലാമൂട്… ഒരു പാട്ട് സജി ചെറുകോണവും എഴുതി.. സുനിൽ പ്ലാമൂടും രാജേഷ് അമ്മ വിഷനും ആയിരുന്നു കാശുകാർ…എംജി ശ്രീകുമാർ , ജി. ശ്രീറാം , കാവാലം ശ്രീകുമാർ , ദീപാങ്കുരൻ കൈതപ്രം , ശ്രീകാന്ത് ഹരിഹരൻ , ഡോക്ടർ രശ്മി മധു , മധുരിമ പ്രകാശ് എന്നിവർ ഗായക നിരയിൽ….ഒപ്പം രണ്ട്‌ പാട്ട് ഞാനും പാടി….കാശുകാരനെ സംബന്ധിച്ചിടത്തോളം വളരെ നല്ല രീതിയിൽ നടന്ന ഒരു ആൽബം ആയിരുന്നു ഇത്…സന്തോഷം… അഭിമാനം…. നന്ദി… കാശുകാരെ….നന്ദി…

LEAVE A REPLY

Please enter your comment!
Please enter your name here