ഞാനും എന്‍റെ കാശുകാരും ഭാഗം – 84

0
13
views
with kaithapram
raagasree.com launch


വർഷങ്ങൾ ഒരുപാട് പിറകിലാണ്…എന്‍റെ ചേച്ചിയുടെ മകൻ വിവേകിന്റെ ചോറൂണ്….ചോറൂണ് കഴിഞ്ഞു…. ഉച്ചയ്ക്ക് സദ്യവട്ടവും കഴിഞ്ഞു….നാലുകെട്ടിൽ എല്ലാവരും ക്ഷീണം തീർക്കാൻ ഒന്ന്‌ ചാഞ്ഞിരുന്നു….എന്നാലിനി കുഞ്ഞുണ്ണീടെ ഒരു പാട്ടാകാം…മംഗലം പപ്പേട്ടനാണ് പറഞ്ഞത് എന്നാണെന്റെ ഓർമ..ഞാൻ ട്രൗസറിട്ടു നടക്കണ പ്രായമായൊണ്ട് ഓർമ കുറച്ചു കുറവുണ്ട്… മംഗലം പപ്പേട്ടൻ അന്നും ഇന്നും അങ്ങിനെയാണ്… ഏത് ചടങ്ങിലും മുന്നിലുണ്ടാകും…കുഞ്ഞുണ്ണീടെ പാട്ട് കേൾക്കാൻ എല്ലാവരും എഴുന്നേറ്റിരുന്നു….പടിഞ്ഞാറ്റയിൽ നിന്ന്‌ തമ്പുരു എത്തി…കുഞ്ഞുണ്ണീടെ കണ്ഠത്തിൽ നിന്ന്‌ ശബ്ദമൊഴുകി….
“ലയം സാന്ദ്രലയം ദേവദുന്ദുഭീ സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം ധ്യാനമുണർത്തും മൃദുപല്ലവിയിൽ ഗാനമരാള ഗമനലയം….” ആ ശബ്ദസുഖം ആസ്വദിച്ചു നാലുകെട്ടിന്റെ ചുമരിൽ ചാരി ഞാനും…അടുത്ത ഗാനത്തിലേക്കു കടന്നു…. “പൂവട്ടക തട്ടിചിന്നി പൂമലയിൽ പുതുമഴ ചിന്നി…”
എല്ലാവരും ഒപ്പം താളമിട്ടു….കൗതുകത്തോടെ ഞാനും നോക്കിനിന്നു….ഇടയ്ക്കിടെ താടി തടവി കുഞ്ഞുണ്ണി പിന്നെയും പാടി ഒരുപാട് പാട്ടുകൾ…കുഞ്ഞുണ്ണിയുടെ ദേവദുന്ദുഭിയും പൂവട്ടകയും അടുത്തിറങ്ങാനുള്ള പുതിയ സിനിമയിലെ പാട്ടാണ് എന്ന്‌ അപ്പോളാണ് അറിയുന്നത്…സിനിമയ്ക്ക് വേണ്ടി പാട്ടെഴുതിയ കഥയും അവിടെ എല്ലാവരോടും അപ്പോൾ പറഞ്ഞു…കുഞ്ഞുണ്ണിയെ ഇനി ഞാൻ പരിചയപ്പെടുത്തണോ….കണ്ണാടി കേശവവാധ്യാൻ നമ്പൂതിരിയുടെയും അദിതി അന്തർജ്ജനത്തിന്റെയും മൂത്ത മകൻ…സംഗീതത്തിനായി വീട് വിട്ടിറങ്ങിയ സംഗീതജ്ഞന്റെ മകൻ..അതുപോലെ മകനും സംഗീതത്തിനായി വീട് വിട്ടിറങ്ങി…. അവസാനം തേടിയിറങ്ങിയതിനുമപ്പുറം സംഗീത സാമ്രാജ്യം തന്നെ കൈപ്പിടിയിൽ ഒതുക്കിയ…ഒരു നാടിന്റെ മുഴുവൻ പ്രശസ്തി തന്നിലൂടെ വരുത്തിയ.
.. തന്റെ നാടിന്റെ പേര് സ്വന്തം പേരായി മാറ്റിയ അല്ലെങ്കിൽ തനിയെ മാറിപ്പോയ….സാക്ഷാൽ ദാമോദരൻ നമ്പൂതിരി… കൈതപ്രം…. കൈതപ്രം ഒരു ഗ്രാമത്തിന്റെ പേരാണ് എന്നിനിയും അറിയാത്ത എത്രയോ പേരുണ്ട്… അങ്ങിനെ ആ ഗ്രാമത്തെ ലോകമാകെ അറിയിച്ചു ഈ കലാകാരൻ….അതെ എന്‍റെ സ്വന്തം ദാമോദരേട്ടൻ…
ട്രൗസറിട്ടു നടന്ന ഞാൻ പാന്റ്സിലേക്കും മുണ്ടിലേക്കും വഴിമാറിയപ്പോളാണ് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി എന്ന എന്‍റെ ഗുരുനാഥൻ പിലാത്തറയിൽ ശ്രുതിലയ തുടങ്ങുന്നത്…പാട്ടിഷ്ടമായിരുന്ന ഞാൻ അതിന്‌ മുൻപ് തന്നെ വിശ്വേട്ടനെ ഗുരുനാഥൻ ആക്കിയിരുന്നു…പിലാത്തറ പീറക്കാംതടത്തിൽ കെട്ടിയുയർത്തിയ സ്റ്റേജിൽ ശ്രുതിലയ ഉദ്‌ഘാടനം…വിവിധ സിനിമകളിലൂടെ അപ്പോളേക്കും കൈതപ്രം ആരാധനാപാത്രമായി മാറിക്കഴിഞ്ഞിരുന്നു….കൈതപ്രത്തിനൊപ്പം നെടുമുടി വേണുവും മുരളിയും ലോഹിതദാസും സിബിമലയിലും എല്ലാം വേദിയിൽ നിരന്നു…ആരാധകർക്ക് പിടിച്ചുനിൽക്കാനായില്ല.. അവർ മുന്നോട്ടാഞ്ഞു… സ്റ്റേജ് നടുവേ പിളർന്നു വീണു….ഭാഗ്യത്തിന് ആർക്കും ഒന്നും പറ്റിയില്ല… മൈക്ക് കയ്യിലെടുത്തു എല്ലാവരെയും അടക്കിയിരുത്തിയ ബ്രഹ്മകമലം എന്ന പാട്ട് കൈതപ്രം പാടി…ആളുകൾ അടങ്ങി…. അടുത്ത ഊഴം നെടുമുടി വേണു… “ആലായാൽ തറവേണം അടുത്തൊരമ്പലം വേണം…” ആരാധകരുടെ കയ്യടിയിൽ പിലാത്തറ ഇളകി….പിന്നീട് ശ്രുതിലയയുടെ കുഞ്ഞു മാനേജർ ആയി ഞാൻ… ഫീസടക്കുമ്പോൾ രസീത് എഴുതിക്കൊടുക്കാൻ…..ഒപ്പം പാട്ട് പഠനവും…..
പിന്നീട് പയ്യന്നുരിൽ ശ്രുതിലയയുടെ ബ്രാഞ്ച് വന്നു… ഉദ്‌ഘാടനത്തിനായി ഗാനഗന്ധർവൻ യേശുദാസ് സർ എത്തി….അന്നാണ് ആദ്യമായി ഗന്ധർവനെ നേരിൽ കാണുന്നത്….അങ്ങിനെയങ്ങിനെ എന്നിലെ പാട്ടുമൊഹത്തെ പ്രോത്സാഹിപ്പിച്ച വിശ്വേട്ടൻ മാടായി കോളേജിൽ നിന്നു ഡിഗ്രി കഴിഞ്ഞ എന്നെ തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി വിട്ടു… സ്വാതിതിരുനാൾ സംഗീത കോളേജിലേക്ക്….ഞാൻ സംഗീത കോളേജിൽ പഠിക്കുമ്പോളാണ് ഏഷ്യാനെറ്റിൽ ദാമോദരേട്ടന്റെ നാദമാധുരി എന്ന സംഗീത പരിപാടി ആരംഭിക്കുന്നത്…എത്രയോ പ്രശസ്തർ ആ പരിപാടിയിൽ പാടിക്കൊണ്ടിരുന്നു…മനസിലൊരാഗ്രഹം… ആ പരിപാടിയിൽ ഒന്ന്‌ പങ്കെടുക്കാൻ… ആ പരിപാടിക്കെത്തിയാൽ സംഗീത കോളേജിന് തൊട്ടടുത്തുള്ള ഹോട്ടൽ തംബുരുവിലാണ് ദാമോദരേട്ടൻ താമസിക്കാറുള്ളത്…ഇടയ്ക്കങ്ങോട്ട് കയറാറുണ്ടെങ്കിലും ഭയങ്കര അടുപ്പം ഇല്ലാത്തതുകൊണ്ടും ആരാധന കൊണ്ടും നാദമാധുരിയിൽ പങ്കെടുപ്പിക്കാൻ പറയാനുള്ള ധൈര്യം ഇല്ലായിരുന്നു….ഈ ആഗ്രഹം ചേച്ചിയോടു പറഞ്ഞു…ഇത് വാസുവേട്ടൻ കേട്ടു… വാസുവേട്ടൻ ദാമോദരേട്ടനോട് എന്‍റെ ആഗ്രഹം പറഞ്ഞു…ആ ശുപാർശയിൽ ഞാൻ തംബുരുവിലെത്തി…”എന്തേ നീ നേരിട്ടെന്നോട് പറയാതിരുന്നത്…എത്രയോ തവണ ഇവിടെ വന്നിട്ടും…” ഞാൻ ചിരിച്ചുകൊണ്ട് നിന്നു… “നാളെ രാവിലെ എട്ടുമണിക്ക് വാ… ഓ… അമ്പലം അടക്കുമ്പോൾ എട്ടര ആകും അല്ലെ… ഒൻപതരയ്ക്ക് ഹോട്ടലിൽ എത്തിയാൽ മതി.. കാർ വരാൻ പറയാം…” അടുത്ത ദിവസം ഞാൻ ആദ്യമായി ഏഷ്യാനെറ്റിന്റെ കാറിൽ പുളിയറക്കോണത്തെ സ്റ്റുഡിയോവിലേക്ക്….ഒരു പ്രോഗ്രാമിനായി ആദ്യമായി കാറിൽ എന്ന്‌ വേണമെങ്കിലും പറയാം… മേക്കപ്പ് കഴിഞ്ഞു….സ്റ്റുഡിയോ ഫ്ലോറിൽ ഇരുന്നു ദാമോദരേട്ടനരികിൽ….ആദ്യമായി ക്യാമറയ്ക്കു മുന്നിൽ…’ജാലന്ധര’യും ‘പത്മനാഭപാഹി’യും ‘ദേവദേവ’യും ഞാൻ പാടി…ആ എപ്പിസോഡ് കഴിഞ്ഞു….എന്നെ അടുത്തേക്ക് വിളിച്ചു ഒരു കവർ കയ്യിൽ വച്ചുതന്നു….ആ കാൽക്കൽ തൊട്ടുതൊഴുത് ഞാനത്‌ വാങ്ങി…എന്‍റെ കയ്യിലേക്ക് സംഗീതം കൊണ്ട് വന്ന ആദ്യ പ്രതിഫലം ആയിരുന്നു അത്…പിന്നീടിങ്ങോട്ട് എത്രയും സംഗീതജോലികൾ… പലതവണ ആ കൈകളിൽ എനിക്ക് അങ്ങോട്ട് പ്രതിഫലം വച്ചുനൽകാൻ കഴിഞ്ഞു… എത്ര പാട്ടുകളാണ് ദാമോദരേട്ടാ എനിക്കായി എഴുതിത്തന്നത്… എനിക്കോർമ്മയില്ല…ഇതാ ഇന്നും ദാമോദരേട്ടന്റെ പിറന്നാൾ ദിവസം..സപ്തതി നിറവിൽ പിറന്നാൾ ദിനത്തിൽ ഞാനാ കൈകളിലേക്ക് സമർപ്പിക്കുന്നു എന്‍റെ പുതിയ പാട്ടിനുള്ള പ്രതിഫലം…വർക്കല വിനുവേട്ടൻ വഴി എന്നിലേക്ക് വന്ന ഡോക്ടർ ടെവിൻ സർ ഏൽപ്പിച്ച ഞാൻ സംഗീതം ചെയ്യുന്ന എസ് എൻ യുണൈറ്റഡ് എന്ന പുതിയ സംഘടനയുടെ തീം സോങ് എഴുതിയതിന്റെ പ്രതിഫലം…ദാമോദരേട്ടൻ കൈകൾ എന്‍റെ നിറുകയിൽ വയ്ക്കണം… ആദ്യമായി സംഗീതത്തിലൂടെ ദാമോദരേട്ടൻ എന്‍റെ കൈയ്യിൽ പ്രതിഫലം തന്നപ്പോൾ നമസ്കരിച്ച എന്‍റെ നിറുകയിൽ വച്ച ആ കൈകൾ ഞാനിന്ന് എന്‍റെ സംഗീതത്തിനായി എഴുതിത്തന്ന വരികൾക്കുള്ള പ്രതിഫലം ആ കൈകളിൽ വച്ചു നമസ്കരിക്കുമ്പോളും എന്‍റെ നെറുകയിൽ വയ്ക്കണം….
ഇനിയുമെനിക്ക് വേണം നൂറ്‌ നൂറ്‌ വരികൾ….എന്‍റെ ആദ്യ സംഗീതസംവിധാനത്തിനു വരികൾ തന്നു….. എന്‍റെ കല്യാണത്തിന് താരയുടെ കഴുത്തിൽ ചാർത്താൻ മാലയെടുത്തു തന്നു….എന്‍റെ ഓൺലൈൻ പോർട്ടലിനു വിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്ത് തന്നു…ദീപാങ്കുരനെ കൊണ്ട് പത്തിലധികം പാട്ടുകൾ എനിക്ക് പാടിക്കാൻ പറ്റി….എന്‍റെ വീട്ടിലിരുന്ന് എത്രയോ സിനിമകൾക്ക് പാട്ടെഴുതി ….വെല്ലൂരിലെ ആശുപത്രിക്കിടക്കയിൽ കിടന്നു സംസാരിക്കുവാൻ പ്രയാസമായ സമയത്തു പോലും അയ്യപ്പൻ പാട്ടുകൾ എനിക്കെഴുതിത്തന്നു..
അങ്ങിനെയങ്ങിനെ എന്‍റെ സ്വന്തത്തിൽ അതിസ്വന്തക്കാരനായി….ആ സംഗീതയാത്രയുടെ കഥയുമായി ദേവദുന്ദുഭിയൊരുക്കി… പുറത്തുവരാൻ അല്പം വൈകുന്നുവെങ്കിലും എന്‍റെ സമർപ്പണം ആയി ‘ദേവദുന്ദുഭി’ വരും… കിഷോർ ജിയ്‌ക്കൊപ്പം……
.ആ സ്വാതന്ത്ര്യം എനിക്ക് നൽകിയ ദാമോദരേട്ടാ…വാസുവേട്ടാ… വിശ്വേട്ടാ….സരസ്വതിയേച്ചീ… തങ്കേച്ചീ…എന്‍റെ ചേച്ചീ….ദേവിയേടത്തി…. ദീപു… കുട്ടൻ…എല്ലാർക്കും കോടി നന്ദി…

Raagasree.com launch

LEAVE A REPLY

Please enter your comment!
Please enter your name here