ഞാനും എന്‍റെ കാശുകാരും ഭാഗം – 85

0
64
views

“അച്ഛാ ഇന്ന് ഞാൻ അമ്പലത്തിൽ പൊയ്ക്കൊള്ളാം…” മാടായി കോളേജിൽ ഡിഗ്രി പഠിക്കുന്ന സമയത്തു അധിക വെള്ളിയാഴ്ചകളിലും രാവിലെ അച്ഛനോട് ഞാൻ പറയുന്ന വാക്കുകളാണിവ..അമ്പലത്തിൽ തൊഴാൻ പോകാമെന്നല്ല കേട്ടോ…ശാന്തി കഴിക്കാൻ പോകാമെന്ന് പറയുന്നതാ….മറ്റ് പല ദിവസങ്ങളിലും ഒന്ന്‌ പോകാൻ പറഞ്ഞാൽ ഭയങ്കര മടിയാണ്…അതിന്റെ ഗുട്ടൻസ് അച്ഛന് പിടികിട്ടിയത് പിന്നെയാണ്….പയ്യന്നുർ ശ്രീ നമ്പ്യാത്രക്കോവിൽ ശിവക്ഷേത്രം….അതാണ് അമ്പലം….ഇല്ലത്തു നിന്നും 10 കിലോമീറ്ററുകൾ ഉണ്ട് പയ്യന്നൂരിലേക്ക്…മാടായി കോളേജിൽ നിന്നു ക്‌ളാസ് കഴിഞ്ഞു ഇല്ലത്തെത്തി ചായ കുടിച്ച ശേഷം ഇറങ്ങും അമ്പലത്തിലേക്ക്… ഇറങ്ങുമ്പോൾ ഒരു കവർ അമ്മ തരും… രാത്രി ചോറിനൊപ്പം കഴിക്കാനുള്ള കറിയായിരിക്കും അതിൽ… സാമ്പാറോ പുളിശ്ശേരിയോ ചക്കക്കറിയോ എന്തെങ്കിലും ഒന്ന്‌… ഇറങ്ങുമ്പോൾ ” താക്കോൽ മുൻപിലെ ജനലിന്റെ സൈഡ് തുറക്കുമ്പോൾ താഴെ ആണിയിൽ തൂക്കിയിട്ടിട്ടുണ്ട് മോനെ….എടുക്കുമ്പോൾ ശ്രദ്ധിക്കണേ…താഴെ വീഴാതെ….” അച്ഛൻ പറയുന്നത് പതിവാണ്….നരീക്കാംവള്ളിയിൽ നിന്നു പയ്യന്നുർ ബസിൽ കേറി ബസാറിൽ ഇറങ്ങി ഇടത്തേക്ക് വച്ചുപിടിച്ചാൽ 4.45 ആകുമ്പോൾ അമ്പലത്തിനോട് ചേർന്നുള്ള ക്ഷേത്രം വക മേല്ശാന്തിക്കുള്ള താമസസ്ഥലത്തെത്തും…
താക്കോലെടുത്തു അകത്തുകേറിയാൽ ഒരു കുടുസ്സുമുറി…. ഒരു ഭാഗത്തു വിരിച്ചുവച്ച പായയും അതിനെ പൊതിഞ്ഞു കൊതുകുവലയും… കൊതുകുവല ഇല്ലെങ്കിൽ നമ്മളെ തന്നെ എടുത്തുകൊണ്ടുപോകാൻ കഴിയുന്ന തരത്തിലുള്ള കൊതുകുകളായിരുന്നു അവിടം….ആ മുറിയിൽ അച്ഛന്റെ മണമാണ്….അച്ഛന്റെ വിയർപ്പിന്റെയും ശ്വാസത്തിന്റെയും മണം….തൊട്ടടുത്തുള്ള റോഡിനോട് ചേർന്നുള്ള അമ്പലക്കുളത്തിൽ കുളി…അതുവഴി പോണ മുഴുവൻ ആൾക്കാർക്കും കാണാം ഫ്രീയായി എന്‍റെ കുളി സീൻ…കുളി കഴിഞ്ഞു നേരെ അമ്പലത്തിൽ കയറി തിടപ്പള്ളിയിൽ ചെന്നാൽ അവിടെയാണ് ശ്രീകോവിലിന്റെ താക്കോൽ വയ്ക്കുന്ന സ്ഥലം….അതെടുത്തു മണിയടിച്ചു ശ്രീകോവിൽ നട തുറക്കും….പിന്നെ തിരക്കാണ്… ദീപാരാധനയും പ്രസാദം കൊടുക്കലും നേദ്യം വയ്ക്കലും അത്താഴപൂജയും എല്ലാം കൂടി തിരക്കാണ്… പൊതുവെ കുറെ ഭക്തർ എന്നും എത്തുന്ന അമ്പലമാണ്. (എട്ടു വർഷത്തിലധികം അച്ഛൻ അവിടെ മേല്ശാന്തിയായിരുന്നു…അച്ഛന് ശാന്തി കഴിച്ചില്ലെങ്കിലും ജീവിക്കാനുള്ള വക കൃഷിയിലൂടെ കിട്ടുമായിരുന്നു… എന്നാലും അച്ഛൻ ശാന്തിപ്പണി ചെയ്യും.. വെറുതെ ഇരിക്കാൻ അച്ഛനിഷ്ടമല്ലായിരുന്നു…പക്ഷെ ഒന്നുണ്ട് അച്ഛന്റെ ആ ചിട്ടയാണ് ഇന്ന് പ്രായത്തിന്റെ അസുഖങ്ങൾ കൂട്ടിനുണ്ടെങ്കിലും വലിയ കുഴപ്പമില്ലാതെ പോകുന്നത്… ഇപ്പൊ ശാന്തിയൊന്നുമില്ല… )രാത്രി അത്താഴപൂജ കഴിഞ്ഞു നടയടക്കുമ്പോൾ അന്ന് കിട്ടിയ ദക്ഷിണത്തുട്ടുകൾ എടുത്തു എണ്ണിനോക്കും…അതിൽ നിന്നൊരു തുക എടുത്തു മടിയിലെ കോന്തലയിൽ വയ്ക്കും….അപ്പോളേക്കും കഴകക്കാരൻ രമേഷ് മണ്ഡപത്തിലെ ഒരു സൈഡിൽ ഊണ് കഴിക്കാനുള്ള ഒരുക്കങ്ങൾ റെഡി ആക്കി വയ്ക്കും…അമ്പലത്തിലെ നേദ്യച്ചോറും അമ്മ തന്നയച്ച കറികളും അച്ഛൻ റെഡിയാക്കി വച്ചിരിക്കുന്ന മോരും അച്ചാറും കൂട്ടി ഒരു തട്ട്… എന്തൊരു സ്വാദ് ആണെന്നറിയോ അതിന്‌….ഊണിനെന്നും ഭയങ്കര സ്പീഡാണ്…പെട്ടെന്ന് കഴിച്ചു അമ്പലമടച്ചു റൂമിലെത്തി ഡ്രസ്സ് മാറ്റി ഒരോട്ടമാണ് ഞാനും രമേശനും….അത് പയ്യന്നുർ ആരാധന തിയറ്ററിലേക്കാകാം… സുമംഗലിയിലാകാം….എവിടെയാണോ പുതിയ സിനിമ വന്നത് അവിടേക്കാണ് ഓട്ടം. സെക്കന്റ് ഷോ…സിനിമ ആദ്യം കാണാൻ ഏറ്റവും മുന്നിലാണ് ടിക്കറ്റ് എടുക്കാറുള്ളത്…ഇപ്പോ നിങ്ങൾക്ക് പിടി കിട്ടിയോ വെള്ളിയാഴ്ചകൾ അച്ഛനോട് റസ്റ്റ് എടുക്കാൻ പറയുന്നതെന്തിനെന്ന്…..
ഇറങ്ങുന്ന എല്ലാ സിനിമകളും ഇങ്ങനെയാണ് കാണാറ്… ചില ദിവസങ്ങളിൽ ഗിരീഷും കൂടെ വരും… അച്ഛന് ഇത് അറിയാമെങ്കിലും അറിഞ്ഞതായി നടിക്കില്ല….അങ്ങിനെ പോക്കറ്റ് മണിയും ആകും…. സിനിമകാണലുമാകും… അച്ഛന് റസ്റ്റുമാകും എന്‍റെ മുട്ട് ശാന്തിപ്പണിയിലൂടെ……ഇന്ന് മുട്ടുശാന്തിപ്പണിയുടെ കഥയല്ലട്ടോ…. അങ്ങിനെ അമ്പലത്തിൽ വച്ചു എന്നും തൊഴാൻ വരുന്ന ഒരാൾ…അന്നു പയ്യന്നൂരിൽ എവറസ്റ്റ് ലോഡ്ജ് ബിൽഡിങ്ങിൽ ഇലട്രോണിക്സ് കട നടത്തുന്ന ബേബി…. ശിവദാസൻ എന്നാണ് യഥാർത്ഥ പേര്… ഓഡിയോ കാസറ്റുകളിൽ പാട്ട് കോപ്പി ചെയ്യുന്നത് അവിടെ ആയിരുന്നു…ഡിഗ്രി കഴിഞ്ഞു തിരുവനന്തപുരത്തേക്ക് വണ്ടി കയറി വർഷങ്ങൾ പലതു കഴിഞ്ഞു…ഞാൻ ഏകദേശം എല്ലാർക്കും അറിയാവുന്ന ഒരു നടനും സംഗീത സംവിധായകനും ആയി എന്ന്‌ ഞാൻ കരുതിയ കാലം…”ഹലോ എന്നെ മനസിലായോ…” ചോദ്യം ഫോണിൽ… ഇല്ല എന്നെന്റെ ഉത്തരം.. “ഞാൻ ബേബിയാണ്…ഓർമ്മയുണ്ടോ…” എന്‍റെ നിശ്ശബ്ദതയിൽ അദ്ദേഹത്തിന്റെ ചോദ്യം.. “പയ്യന്നൂരിലെ നമ്പ്യാത്രകോവിലിൽ സ്ഥിരം തൊഴാൻ വരുന്ന ബേബി….”
‘അയ്യോ നമ്മുടെ കാസറ്റ്‌ കട…ഞാൻ ഉറക്കെ പറഞ്ഞു…’ അതെ… ഞാനിപ്പോൾ വിളിച്ചത് ഒരു കാര്യം ചോദിക്കാനാണ്….പയ്യന്നുരിൽ ഗാന്ധി മൈതാനിയിൽ സദനം ജ്യോതിഷാലയത്തിന്റെ പരിപാടിയിൽ നിങ്ങളുടെ ഒരു സംഗീതപരിപാടി വേണം…എല്ലാം പറഞ്ഞൊപ്പിച്ചു തീയതിയും ഉറപ്പിച്ചു…. അങ്ങിനെ ആദ്യമായി പയ്യന്നുർ ഗാന്ധി മൈതാനിയിൽ നിറഞ്ഞ സദസ്സിൽ എന്‍റെ പ്രോഗ്രാം…കല്യാണം കഴിഞ്ഞുള്ള നാട്ടിലെ എന്‍റെ ആദ്യ സംഗീത പരിപാടി ആയതിനാൽ ഭാര്യ താരയും കൂടെ വന്നു…തിരുവനന്തപുരത്തുള്ള പക്കമേളക്കാരുമായി പരിപാടി നന്നായി….വർഷങ്ങൾക്കപ്പുറം അമ്പലത്തിൽ പ്രസാദം നൽകുമ്പോൾ തട്ടിലേക്ക് ദക്ഷിണയിടുന്ന ബേബിയെന്ന ശിവദാസൻ നമ്പ്യാരിൽ നിന്നു ഞാൻ സംഗീത പരിപാടിയുടെ പ്രതിഫലം വാങ്ങി…അന്ന് ബോംബെ ഹോട്ടലിൽ താമസിച്ചു ഞാൻ രാത്രി സെക്കന്റ് ഷോ സിനിമ കാണാനിറങ്ങി.. ഒരു വ്യത്യാസം മാത്രം. അന്ന് അമ്പലത്തിൽ ശാന്തി കഴിഞ്ഞാണെങ്കിൽ ഇന്ന് സംഗീതപരിപാടി തീർന്ന ശേഷം….പുതിയ സിനിമകൾ ഇറങ്ങുന്ന വെള്ളിയാഴ്ചകൾ അച്ഛനിൽ നിന്നു ശാന്തിപ്പണി ചോദിച്ചു വാങ്ങുന്ന എനിക്കതിൽ അഭിമാനം മാത്രമേ ഉള്ളൂ അന്നും ഇന്നും..ഇന്ന് സിനിമ കാണൽ ഒരു മരുന്ന് കൂടിയാണെനിക്ക്… എങ്ങിനെന്നറിയുമോ… നല്ല പനിയാണെങ്കിൽ ഒരു തിയറ്ററിൽ കയറി നല്ലൊരു സിനിമ കണ്ടാൽ എന്‍റെ പനി പോകും… ഭംഗിവാക്കല്ല സത്യമാണ്… അത്രയ്ക്കുള്ള പനിയെ വരാറുള്ളൂ എന്നത് കൊണ്ടും ആകാം….
പയ്യന്നൂരിലെ ബേബി എന്‍റെ കയ്യിൽ ഒരു സിഡിയ്ക്കായുള്ള അഡ്വാൻസ് തന്നിട്ടുമുണ്ട്…സന്തോഷം…https://youtu.be/w5fx1FyVTak

ravisankar

LEAVE A REPLY

Please enter your comment!
Please enter your name here