ഓർമകൾക്ക് എന്തു സുഗന്ധം…. എൻ്റെ ഗുരുനാഥൻ – O. K. രവിശങ്കർ എഴുതുന്നു

0
413
views

തിരുവനന്തപുരത്തു മൂന്നു വർഷം മുൻപ് ഒരു ദിവസം ഉച്ചസമയം…..
മെഡിക്കൽ കോളജ് റോസ് ഡെയ്ൽ പബ്ലിക് സ്കൂളിൽ നിന്നും യുകെജിയിൽ നിന്നു മകളെ വിളിക്കാൻ പോകുന്ന വഴി തട്ടുകടയിൽ നിന്നു ചായ കുടിക്കുകയായിരുന്നു. പെട്ടെന്ന് എൻ്റെ ചുമലിൽ ഒരു കൈ… രവിശങ്കർ..?
തിരിഞ്ഞുനോക്കിയ ​ഞാൻ അക്ഷരാർഥത്തിൽ ‍ഞെട്ടി. എൻ്റെ ഓർമകളെ ജെറ്റ് വിമാനവേഗതയിൽ മാടായി കോളജിലെ ഡിഗ്രി പഠനകാലത്തിലെത്തിച്ചു. ഓർമകളിൽ സുഗന്ധം പകരുന്ന കലാലയകാലം. അത്യാവശ്യം പാട്ടും കലാപരിപാടികളുമായി കോളജിൽ വിലസിനടന്നിരുന്ന കാലഘട്ടം. കൂട്ടിന് എന്തിനും പോന്ന സതീഷ്, പ്രഭി, ദിനേശൻ, വിജയൻ തുടങ്ങിയ ആത്മസഹപാഠികളും. അങ്ങനെയിരിക്കെയാണ് കോളജ് ഇലക്‌ഷനിൽ സ്വതന്ത്രനായി ഫൈൻ ആർട്സ് സ്ഥാനാർഥിയായി മൽസരിക്കുന്നത്. ഒരുപാടു കോലാഹലങ്ങൾക്കുശേഷം സ്വതന്ത്രനായി മൽസരിച്ച് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ഫൈൻ ആർട്സ് സെക്രട്ടറി. ആ സമയത്താണ് കോളജിൽ സോഷ്യോളജി സബ്സിഡിയറിയായി അനുവദിക്കുന്നത്. കുറച്ചു നാളത്തെ കാത്തിരിപ്പിനുശേഷം നമുക്കു സോഷ്യോളജിക്കായി ഒരു അധ്യാപകനെ കിട്ടി. സാറിനെ സ്വീകരിക്കാൻ നമ്മൾ ഒരുങ്ങി. സുന്ദരനായ ഒരു സാർ ക്ലാസിലെത്തി. ഗുഡ് മോർണിങ്. നമ്മൾ തിരിച്ചു നമസ്കാരവും. അപ്പോൾ തന്നെ സാർ നമ്മളെ നോട്ടമിട്ടു എന്നു പറയുന്നതാവും ശരി.
” I am Saji P. Jacob. Good Morning to u all.” സാറിൻ്റെ ശബ്ദം ക്ലാസിൽ മുഴങ്ങി.
ഞാൻ ഏറ്റവും പിറകിലാണ് എന്നും ഇരിക്കാറ്. കൂടെ എൻ്റെ ആത്മമിത്രങ്ങളും, പെട്ടെന്നു പിറകിൽ നിന്ന് ഒരു ശബ്ദം മുഴങ്ങി.
‘മ്യാവു….’.
” U Stand up..” എന്നോടായിരുന്നു. ‘U Come and Sit in front… ”
സാറിൻ്റെ ആജ്ഞ…. ഇല്ല സാർ. ഏഴുന്നേറ്റുനിന്നു ഞാൻ‌ പറഞ്ഞു. എൻ്റെ മൂക്കിനു നീളം കൂടുതലായതുകൊണ്ട് മുന്നിലിരിക്കാൻ ചമ്മലാണ്. അതുകൊണ്ട് വേണ്ട സാർ. ” U Come and Sit in Front… otherwise I will go out..” വേണ്ടസാർ, എന്നെ കരുതി സാർ പഠിപ്പിക്കാതിരിക്കേണ്ട. ഞാൻ പോയ്ക്കോളാം. അങ്ങനെ ഞാൻ പുറത്തുറങ്ങി. അതേചൊല്ലി പ്രശ്നങ്ങൾ ഒരുപാടു നടന്നു. പിന്നെ എല്ലാറ്റിനും സാറിനോടു സോറി പറഞ്ഞു കോംപ്രമൈസ് ചെയ്തു, പ്രിൻസിപ്പലിൻ്റെ മുന്നിൽ വച്ച്. ഇതിനു ശേഷമായിരുന്നു ഫൈനാർട്സ് ഉദ്ഘാടനവും മറ്റും… എനിക്ക് ഫൈനാർട്സ് അഡ്വൈസറായി കിട്ടിയത് സജി സാറിനെയായിരുന്നു.

ഒരുപാടു പരിപാടികളിലൂടെ സാറിനോട് അടുക്കുകയായിരുന്നു. എ സോൺ കലോൽസവം, ആകാശവാണി യുവവാണി തുടങ്ങിയ പരിപാടികളിൽ കൂട്ട് സജിസാറായിരുന്നു. ആ ബന്ധം ഗുരുശിഷ്യബന്ധത്തിനപ്പുറം സഹോദര സ്നേഹത്തിലെത്തിയിരുന്നു. സെന്റ്ഓഫ് ഡ‍േയിൽ കരഞ്ഞുകരഞ്ഞു കോളജിൽ നിന്നിറങ്ങിയതും, ഗ്രൂപ്പ് ഫോട്ടോയ്ക്കായി അണിനിരന്നതുമെല്ലാം ഇന്നലെപ്പോലെ ഓർമയിലേക്കു കടന്നുവരുന്നു. അങ്ങനെ മാടായി കോളജിനോടു യാത്ര പറഞ്ഞു. എൻ്റെ തട്ടകം മാറി തിരുവനന്തപുരത്തായി…. സംഗീത കോളജ് പഠനവും ചരിത്രത്തിൽ എംഎ പഠനവും കലാപരിപാടികളുമൊക്കെയായി നടക്കാൻ തു‍ടങ്ങി. വർഷങ്ങൾ പലതുകഴിഞ്ഞു…. അങ്ങനെയാണ് ഉച്ചയ്ക്ക് എൻ്റെ ചുമലിൽ തട്ടിയ സജി സാറിൻ്റെ കൈയ്യിലൂടെ പഴയകാല ഓർമകളിലേക്ക് ഞാൻ കടന്നുപോയത്. രാജഗിരി കോളജിലെയും തേവര കോളജിലെയും ‍ഡൽഹി ജെഎൻയുവിലെയും പഠനശേഷം ആദ്യമായി നിയമനം മാടായി കോളജിൽ… കണ്ണൂർ യൂണിവേഴ്സിറ്റിയിലും ഗാന്ധി യൂണിവേഴ്സിറ്റിയിലും കേരള യൂണിവേഴ്സിറ്റിയിലും ആഫ്രിക്കയിലുമായി 25 വർഷത്തെ അധ്യാപനകാലം. അന്ന് എന്നെ കാണുമ്പോൾ ലയോള കോളജിൽ സോഷ്യോളജി വിഭാഗം ഹെഡ്. ഒരുപാടൊരുപാട് സന്തോഷവും അഭിമാനവും തോന്നി. എന്നെ ടിവിയിലും മറ്റും കാണാറുണ്ടെന്നും പാട്ടു കേട്ടിട്ടുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും സാർ പറഞ്ഞു. വീണ്ടും കാണാമെന്നു പറഞ്ഞ് അന്നു പിരിഞ്ഞു. ഓരോരോ തിരക്കുകളിൽ ആ ബന്ധം വീണ്ടും മുറിഞ്ഞു. വർഷം മൂന്നുകഴിഞ്ഞു. തിരുവനന്തപുരം ബെൻസൻ സ്റ്റുഡിയോവിലെ ശ്രീകുമാറേട്ടന് അദ്ദേഹത്തിൻ്റെ സുഹൃത്തിൻ്റെ മകൾക്കു ലയോള കോളജിൽ ഒരു അഡ്മിഷൻ വേണം. ആരെങ്കിലും പരിചയമുണ്ടോ എന്നു ചോദിച്ചു. ഓർമ വന്നതു സജി സാറിനെയായിരുന്നു. മൊബൈലിൽ തപ്പിയപ്പോൾ നമ്പറില്ല. നെറ്റിൽ സെർച്ച് ചെയ്തു ലയോള കോളജിലെ നമ്പർ എടുത്തുവിളിച്ചു. സജി സാറിനെ കണക്ട് ചെയ്യാൻ പറഞ്ഞു.

 ” Yes, Principal hear…..”, എൻ്റെ സജി സാർ ലയോള കോളജ് പ്രിൻസിപ്പലായിരിക്കുന്നു. മാ‍ടായി കോളജിലെ ലക്ചറിൽ നിന്നും തിരുവനന്തപുരത്തെ പ്രശസ്ത കോളജിലെ പ്രിൻ‌സിപ്പൽ….. ആനന്ദക്കണ്ണീരണി​ഞ്ഞ നിമിഷം. ഓർമകൾ മനസ്സിൽ അലതല്ലി. Kannur University Board of Studies in Sociology Chairman… അങ്ങനെ ഔദ്യോഗിക പദവികളേറെ. Secularism and Communism in Kerala, Nursing in Kerala തുടങ്ങി മൂന്നു പുസ്തകങ്ങളുടെ രചയിതാവ്.

ഇപ്പോൾ തിരുവനന്തപുരത്തു ഭാര്യയും രണ്ടു മക്കളുമായി താമസം. എൻ്റെ സുഹൃത്തുക്കളോടൊപ്പം ആ പാദാരവിന്ദങ്ങളിൽ ഞാൻ‌ നമിക്കുന്നു……. അങ്ങ് പകർ‌ന്നുതന്ന അറിവിനു മുന്നിൽ ഇതു മാത്രമേ ഉള്ളൂ ഗുരുദക്ഷിണ…….. ചന്ദനമണിവാതിൽ പാതിചാരി…….‌

LEAVE A REPLY

Please enter your comment!
Please enter your name here