ജീവിതം കൈവിട്ടുപോകുമെന്നു തോന്നിച്ച സമയത്ത് പുതുഉണര്‍വ് നല്‍കിയത് ഗുരുവായൂരപ്പൻ; കെഎസ് ചിത്ര പറയുന്നു

0
29
views

ഗാനഗന്ധര്‍വ്വന്‍ യേശുദാസും ഗാനകോഗിലം കെ എസ് ചിത്രയും ഗുരുവായൂരപ്പന്റെ ഭക്തരാണ്. ഗുരുവായൂരപ്പനോട് അടുത്ത് ചേര്‍ന്ന് കിടക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. ജന്മാഷ്ടമി നാളില്‍ ഗുരുവായൂര്‍ തൊഴാന്‍ ചിത്ര എത്തിയിരുന്നു. ഭഗവാന്‍ തന്നെ അദ്ദേഹത്തിനടുത്തേക്കു വലിച്ചടുപ്പിച്ചു ചേര്‍ത്തുനിര്‍ത്തിയ ജീവിതമാണു ഞങ്ങളുടേതെന്ന് ചിത്ര പറയുന്നു. ജീവിതത്തില്‍ ആദ്യം പാടി റിക്കോര്‍ഡ് ചെയ്തതു കൃഷ്ണനെക്കുറിച്ചുള്ള പാട്ടാണ്.

‘എന്റെ പേരു കണ്ണനുണ്ണി’ എന്ന പാട്ട് ആകാശവാണിക്കായി പാടുമ്പോള്‍ എനിക്ക് 5 വയസ്സാണ്. പിന്നീട് ജീവിതം പാട്ടു മാത്രമായി മാറിയപ്പോള്‍ കൃഷ്ണഭഗവാനെക്കുറിച്ചുള്ള എത്രയോ പാട്ടുകള്‍ പാടി. പലതും എന്നെ കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചു. ദാസേട്ടന്‍ പാടിയ ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം…’ എന്ന പാട്ടു പാടാന്‍ മിക്ക വേദികളിലും എന്നോട് ആളുകള്‍ ആവശ്യപ്പെടാറുണ്ട്.’ഗുരുവായൂര്‍ ഓമനക്കണ്ണനാമുണ്ണിക്ക്’ എന്ന പാട്ടും പലതവണ പാടിപ്പിക്കും. നാമം ജപിക്കുന്നതുപോലെ എന്നെക്കൊണ്ടു വീണ്ടും വീണ്ടും അതു പാടിക്കുകയായിരിക്കാം.

ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ട ശേഷം ഒരു പരിപാടിക്കു തൃശൂരിലെത്തിയപ്പോള്‍ അവര്‍ താമസസൗകര്യം നല്‍കിയതു ഗുരുവായൂരമ്പലത്തിനോടു ചേര്‍ന്നുള്ള സ്ഥലത്താണ്. അന്നത്തെ ജീവിതവും മനസ്സിന്റെ അവസ്ഥയും വല്ലാത്തതായിരുന്നു. പക്ഷേ, ഗുരുവായൂര്‍ ഭഗവാനെ കണ്ടിറങ്ങിയതോടെ അവിടെനിന്നു ഞങ്ങള്‍ക്കു കിട്ടിയതു പുതിയൊരു ജീവിതവും മനസ്സുമാണ്. ഗുരുവായൂരില്‍ പോയി താമസിക്കാന്‍ ആഗ്രഹിക്കുക പോലും ചെയ്യാത്ത ഞങ്ങള്‍ അവിടെയൊരു കൊച്ചു ഫ്‌ലാറ്റ് വാങ്ങി. ജീവിതം കൈവിട്ടുപോകുമെന്നു തോന്നിച്ച സമയത്തു കൈപിടിച്ചുയര്‍ത്തിയത് ഗുരുവായൂരപ്പന്റെ നിറഞ്ഞ സ്‌നേഹമാണ്.

കളഭം തരാം എന്ന പാട്ടുപാടി പുറത്തുവന്നപ്പോള്‍ അതെഴുതിയ ഗിരീഷ് പുത്തഞ്ചേരി എന്നോടു പറഞ്ഞു, തരാമെന്നു ചിത്ര പറഞ്ഞാല്‍ അതു കിട്ടാന്‍ ഭഗവാനു മോഹം തോന്നും. പറഞ്ഞു മോഹിപ്പിച്ചാല്‍ പോരാ, കളഭം ചാര്‍ത്തിക്കൊടുക്കണം. സാധാരണ സിനിമാ പാട്ടുപോലെ പാടിയിറങ്ങിയ ആ പാട്ട് അദ്ദേഹം ഹൃദയത്തോട് എത്രയേറെ അടുത്തുവച്ചിരിക്കുന്നു എന്നെനിക്കു ബോധ്യപ്പെട്ടത് അപ്പോഴാണ്. സത്യത്തില്‍ അതു ഭഗവാന്‍ എന്നോടു പറഞ്ഞതുതന്നെയായിരിക്കണം. പിന്നീടു ഞാന്‍ ഗുരുവായൂരില്‍ കളഭച്ചാര്‍ത്തു നടത്തി. ഉഡുപ്പി, അമ്പലപ്പുഴ തുടങ്ങി എത്രയോ കൃഷ്ണക്ഷേത്രങ്ങളിലും പോയി തൊഴുതിട്ടുണ്ട്. അവിടെനിന്നെല്ലാം മനസ്സില്‍ നിറയുന്നതു സ്‌നേഹവും സമാധാനവുമാണ്.

ഞാന്‍ എന്നും തൊടുന്നതു ഭഗവാന്റെ കളഭമാണ്. ഓരോ പരിപാടിക്കും വേദിയിലേക്കു കയറുമ്പോഴും സ്റ്റുഡിയോയിലേക്കു കയറുമ്പോഴും കണ്ണടച്ചു മനസ്സില്‍ കാണുന്നത് ആ വിഗ്രഹമാണ്. കണ്ണന്‍ എനിക്കൊരു ധൈര്യമാണ്. എല്ലാ പ്രതിസന്ധികളിലും നിറഞ്ഞ ചിരിയോടെ കടന്നുപോകാനുള്ളൊരു ധൈര്യം. എന്നെ സത്യത്തില്‍ വലിച്ചടുപ്പിച്ചു നിര്‍ത്തിയതാണ്, കൈപിടിച്ചു കയറ്റിയതാണ്. വളരെ കരുതലോടെ ചേര്‍ത്തുപിടിച്ചു നിര്‍ത്തിയിരിക്കുന്നുവെന്ന് എത്രയോ തവണ തോന്നിയിട്ടുണ്ട്. ഓരോ കൃഷ്ണാഷ്ടമിയും എന്നെ കൂടുതല്‍ കൂടുതല്‍ ഭഗവാനിലേക്ക് അടുപ്പിക്കുകയാണ്. ഭഗവാനും, എന്നും നെറ്റിയില്‍ തൊടുന്ന ആ കളഭത്തിന്റെ ഗന്ധവും എനിക്ക് ഓരോ കടമ്പയും കടന്നുപോകാനുള്ളൊരു ധൈര്യമാണ്. കണ്ണടയ്ക്കുമ്പോഴെല്ലാം ഉള്ളില്‍ നിറയുന്നതും ഭഗവാനാണെന്നും ചിത്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here