മഹാനവമി ദിനത്തിൽ മുഹമ്മദ് റഫി സാബിന്റെ പുണ്യം തേടി ഞാൻ അദ്ദേഹത്തിന്റെ ഗൃഹത്തിൽ

വളരെ ചെറുപ്പംമുതലെ ഇതിഹാസ ഗായകൻ "മുഹമ്മദ് റഫി" സാബിന്റെ പാട്ടുകൾ വളരെ അത്ഭുതത്തോടെയാണ് കേട്ട് വളർന്നത്.

0
255
views

മനോജ്‌ കെ ജയന്‍

മഹാനവമി- വിജയദശമി എന്നാൽ ഏതൊരു കലാകാരനേയും സംബന്ധിച്ചിടത്തോളം അനുഗ്രഹീതമായ ഒരു ദിനമാണ് ജീവിതത്തിൽ കലാസപര്യ ഒരു തപസ്യപോലെ കൊണ്ടുനടക്കുകയും ഈ പുണ്യദിനത്തിൽ ശാരദാംബയുടെ തൃപ്പാദങ്ങളിൽ സമർപ്പണമായി സമർപ്പിച്ചുകൊണ്ട് അനുഗ്രഹമേറ്റുവാങ്ങുന്ന ഒരു ദിനങ്ങളാണ് മഹാനവമിയും വിജയദശമിയും… ആ ദിനത്തിൽതന്നെ എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഭവവും അനുഗ്രഹവുമാണ് മുംബൈയിൽ ലഭ്യമായത്.

കഴിഞ്ഞ രണ്ട് ദശാബ്ദകാലമായി മുംബയിൽ പല പരിപാടികളിലും വന്നു പോകുന്നുണ്ടെങ്കിലും കൈരളി ചാനലിന്റെ “ആംചി മുംബൈ”യുടെ മുംബൈ ടാലെന്റ്റ് ഷോയും മൂന്ന് ദിവസത്തെ മുംബൈ യാത്രയും തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്സ്മരണീയമായ ഒന്നായിരുന്നും പ്രത്യേകിച്ച് ഇന്നലത്തെ ദിനം.

വളരെ ചെറുപ്പംമുതലെ ഇതിഹാസ ഗായകൻ “മുഹമ്മദ് റഫി” സാബിന്റെ പാട്ടുകൾ വളരെ അത്ഭുതത്തോടെയാണ് കേട്ട് വളർന്നത്. ഇന്നും മനസ്സിന്റെ അടിത്തട്ടിൽ റഫി സാബിനോടുള്ള ആദരവും ആരാധനയും എന്നും നിലനിർത്തിക്കൊണ്ടാണ് ഞാൻ ജീവിക്കുന്നത്. സംഗീതം അഭ്യസിച്ചില്ലെങ്കിലും പാരമ്പര്യമായി കിട്ടിയ പ്രതിഭാവൈശിഷ്ട്യം ഒന്നുകൊണ്ടുമാത്രമാണ് ഇന്നും അഭിനയത്തിനോടപ്പംതന്നെ പാട്ടിലും  കൈയൊപ്പ് ചാർത്താൻ കഴിയുന്നത്. അതിൽ തീർച്ചയായും അച്ഛന്റെയും വലിയച്ഛന്റെയും അനുഗ്രഹമാണ്.

മനസ്സിൽ മുഹമ്മദ് റഫിയും അദ്ദേഹത്തിന്റെ എണ്ണമറ്റ അനശ്വര ഗാനങ്ങളും നിധിപോലെ കൊണ്ടുനടക്കുമ്പോഴാണ് മുംബൈയിലെ ആത്മാർത്ഥ സുഹൃത്തുക്കളായ ബിജുകുമാർ, ബാബു എന്നിവരോടൊപ്പം മഹാനവമി ദിവസം യാതൃശ്ചികമായി മുംബൈയുടെ ഹൃദയഭാഗമായ ബാന്ദ്രയിൽ കുടി യാത്ര ചെയ്യുന്നത്. ഹിൽ റോഡും പാലി ഹില്ലും ലിങ്കിംഗ് റോഡിൽ നിന്നുമൊക്കെ കുറച്ചു സാധനങ്ങൾ കുടുംബത്തിന് വാങ്ങുക എന്ന ഉദ്ദേശത്തോടെയാണ് രാവിലെ തന്നെ ഇറങ്ങിയത്.

ബാന്ദ്രയിലൂടെയുള്ള യാത്രയിൽ സ്നേഹിതന്മാർ ബോളിവുഡിലെ പ്രമുഖരുടെ താമസസ്ഥലങ്ങളെകുറിച്ച് വിവരിക്കുകയും അത് കേട്ടുകൊണ്ടിരിക്കുന്നതിനുമിടയിലാണ് മുഹമ്മദ് റഫി സാബിന്റെ വീടിനെകുറിച്ചു പരാമർശിച്ചത്. കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ചോദിച്ചും എനിക്ക് അവിടെ വരെ ഒന്ന് പോകാൻ കഴിയുമോ? ഒരു കലാകാരൻ എന്ന നിലയിൽ മനസ്സിൽ നിന്നും നൊമ്പരവും സന്തോഷം ആഹ്ലാദവുമായിട്ടുള്ള ചോദ്യം സുഹൃത്തുക്കളെ തെല്ലൊന്നുമല്ല സ്വാധിനിച്ചത്.


മുഹമ്മദ് റഫി സാബിന്റെ മകൻ ഷാഹീദ് മുഹമ്മദ് റഫിയുമായി എന്റെ സുഹൃത്ത് ബിജുകുമാറിന് ബന്ധമുള്ളതിനാൽ ഉടനെ ഫോണിൽക്കൂടി ബന്ധപെടുക്കുകയും ബാന്ദ്ര വെസ്റ്റിലെ 28th റോഡിലെ “:റഫി മൻഷൻ” എന്ന ചരിത്രമുറങ്ങുന്ന സ്ഥലത്ത് എന്തിച്ചേരാനു അറിയിക്കുകയായിരുന്നു ഉടൻ ഞങ്ങൾ അവിടെ എത്തുകയും സംഗീത സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ മുഹമ്മദ് റഫി സാബിന്റെ പാദസ്പർശനമേറ്റ ആ മണ്ണിൽകൂടി നടക്കാനും തൊട്ട് നമസ്കരിക്കാനും ഒപ്പം കുറച്ചുനേരം റഫി സാബിന്റെ ഓർമ്മകൾ പുതുക്കാനും കഴിഞ്ഞതും, യാത്രപറഞ്ഞു ഇറങ്ങുമ്പോളാണ് മുഹമ്മദ് റഫി സാബ് ഉപയോഗിച്ചിരുന്ന ഫീയറ്റ്‌ “MMU 1067” എന്ന വെളുത്ത കാറിനെ കുറിച്ച് പ്രതിപാദിക്കുന്നത് റഫി സാബിന്റെ എല്ലാമെല്ലാമായിരുന്ന ഈ കാർ ഇന്നും പ്രൗഢഗംഭീരമായി വീടിന്റെ മുന്നിൽ തലയുയർത്തി നിൽക്കുന്നു ആ കാറിനോടപ്പം ഒരു ഫോട്ടോയെടുക്കാനും അതിന്റെ ഡോറിൽ ഒന്ന് തൊട്ടു തലോടാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യവും അനുഗ്രഹമായും കരുതുന്നു.

മനസ്സിൽ നിറയെ സന്തോഷവും ആഹ്ലാദവുമായി അനുഗ്രഹവുമായി തിരിച്ചു പോകാൻ വണ്ടിയിൽ കയറുമ്പോഴാണ് എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് മുഹമ്മദ് റഫി സാബിന്റെ “തും മുജ്ജെ യും ഭൂലനാ പാവോങ്ങേ………………..” എന്ന പാട്ട് വണ്ടിയിൽ കേൾക്കുന്നത് അതിന്റെ മലയാള പരിഭാഷ ബിജുകുമാർ പറഞ്ഞുകൊടുക്കുമ്പോൾ എന്നിലുണ്ടായ ഉണ്ടായ സന്തോഷം എഴുതിയറിയിക്കാൻ പറ്റാത്തതാണ്. ഒരു കാര്യം ഇവിടെ എടുത്തുപറയേണ്ടത് രാവിലെമുതൽ വണ്ടിയിൽ യാത്രചെയ്യുമ്പോഴല്ലാം കിഷോർ കുമാറിന്റെ പാട്ടുകൾ മാത്രമായിരുന്നു വണ്ടിയിൽ കേൾക്കാൻ കഴിഞ്ഞതും. “തും മുജ്ജെ യും ഭൂലനാ പാവോങ്ങേ………………..” ഈ പാട്ടിന് ശേഷം എയർപോർട്ടിൽ എത്തും വരെയും പിന്നെ എല്ലാപാട്ടുകളും കിഷോർ ദായുടെ മാത്രമായിരുന്നു.

ഒരുകാര്യം ഇതിൽനിന്നും ഞാൻ മനസ്സിലാക്കുന്നത് എനിക്കുവേണ്ടി റഫി സാബ് ഒരു പാട്ട് പാടിയതായിരിക്കുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കാനും ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നായി കാണാൻ ഈ എളിയ കലാകാരനും കഴിഞ്ഞുയെന്നതാണ്…ഇന്നലത്തെ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ ദിനമായി ഞാൻ മാറോട് ചേർത്തുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here